ഓടയുടെ മുകളിൽ സ്ലാബില്ല; അപകടങ്ങൾ പതിവ്
1495063
Tuesday, January 14, 2025 4:18 AM IST
തിരുമാറാടി : പഞ്ചായത്തിലെ വാളിയപ്പാടം - മാറാടി റോഡിന്റെ പണിപൂർത്തീകരിച്ചിട്ടും നെല്ലിക്കുന്ന് കുരിശുപള്ളിയുടെ എതിർ ഭാഗത്തൈ ഓടയുടെ മുകളിൽ സ്ലാബുകൾ ഇടാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു.
ഓടയ്ക്കാവശ്യമായ സ്ലാബുകൾ നിർമാണം പൂർത്തീകരിച്ച് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിൽ ചാരിവച്ച നിലയിലാണുള്ളത്. പാന്പാക്കുട എംടിഎം സ്കൂൾ, അഡ്വഞ്ചർ പബ്ലിക് സ്കൂൾ, രാമമംഗലം ഗവ. സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികളും വിവിധ മേഖലകളിലേക്ക് ജോലിക്ക് പോകുന്ന ആളുകളും ഈ വഴിയെയാണ് ആശ്രയിക്കുന്നത്.
പണിപൂർത്തിയായി രണ്ടു വർഷത്തോളമായിട്ടും ഓടക്കു മുകളിൽ സ്ലാബ് സ്ഥാപിക്കാൻ പിഡബ്ല്യുഡി അധികൃതർ തയാറായിട്ടില്ല.
ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, വാർഡംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ അനിതാ ബേബിയും മൂവാറ്റുപുഴ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് പരാതി നൽകി.