ഒന്പതു വർഷമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
1494830
Monday, January 13, 2025 4:53 AM IST
അരൂർ: ഒന്പതു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പോക്സോ കേസ് പ്രതി പിടിയിൽ. 2016 അരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് ഒന്പതു വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് പിടിയിലായത്.
എട്ടു വയസ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു. പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല.
കേസിനാസ്പദമായ സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കി വരവേയാണ് ശനിയാഴ്ച വെളുപ്പിനെ പോലീസ് പിടികൂടിയത്.
ചേർത്തല എഎസ്പി ഹരീഷ് ജെയിനിന്റെ നിർദേശനുസരണം അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. ഷിജു, സബ് ഇൻസ്പെക്ടർ എസ് . ഗീതുമോൾ എന്നിവരുടെ മേൽനോട്ടത്തിൽ അരൂർ പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
അരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പി.ആർ. ശ്രീജിത്ത്, വി. വിജേഷ്, പി.എ. റിയാസ് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. പ്രതിയെ പിടികൂടിയതോടുകൂടി ബലാത്സംഗ കേസ് വിചാരണ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ ഷിജു പറഞ്ഞു.