അപകട കേന്ദ്രമായി ആവോലി കപ്പേളക്കവല : നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന്
1494819
Monday, January 13, 2025 4:43 AM IST
വാഴക്കുളം: സംസ്ഥാനപാതയിലെ അശാസ്ത്രീയ നിർമാണം ആവോലി കപ്പേളക്കവലയിൽ അപകട പരന്പരയ്ക്കു വഴിവയ്ക്കുന്നതായി പരാതി. ആവോലി - വള്ളിക്കട റോഡ് കപ്പേളക്കവലയിൽ മുറിച്ചു കടക്കുന്ന ഭാഗത്ത് അടുത്തയിടെവരെ അഞ്ചോളം അപകട മരണങ്ങളും നിരവധി അപകടങ്ങളും സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ആവോലി- വള്ളിക്കട റോഡ് കപ്പേളക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നത് നേരേ എതിർദിശയിലല്ല. കോണോടു കോണ് ആയതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് യഥാർഥ വീതിയുടെ ഇരട്ടിയോളം സഞ്ചരിച്ചാലേ മറുവശത്തെ റോഡിലേക്ക് എത്താനാവൂ. കാൽനടയാത്രക്കാരും ഇതേ രീതിയിലാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. ഈ കവലയിൽ നിന്ന് വാഴക്കുളം ദിശയിൽ 50 മീറ്ററോളം ദൂരത്തിൽ തന്നെ കയറ്റവും തുടർന്ന് ഇറക്കവുമാണ് എന്നതാണ് ഇവിടെ അപകട പരന്പര സൃഷ്ടിക്കുന്നത്.
വാഴക്കുളം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ 50 മീറ്ററിനുള്ളിൽ അടുത്തെത്തുന്പോൾ മാത്രമാണ് കവലയിലെ ഇരട്ടി വീതിയിൽ റോഡു മുറിച്ചുകടക്കുന്നവർക്ക് കാണാൻ കഴിയൂ. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. വെറുതെ നിലനിർത്തിയ ഉയരമുള്ള ഈ ഭാഗം താഴ്ത്തി സമനിരപ്പാക്കണമെന്ന് റോഡ് നിർമാണവേളയിൽ തന്നെ പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശ റോഡ് നിർമാണ വിദഗ്ധർ ഇത് പാടെ അവഗണിക്കുകയായിരുന്നു.
നാൽക്കവലയിൽ നാലുഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങളും കാൽനടക്കാരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്. ഇവിടെ ബസ് കാത്തു നിൽക്കുന്നവർ പോലും ഇത്തരം നിരവധി സാഹചര്യങ്ങളാണ് ദിവസേന അഭിമുഖീകരിക്കുന്നത്. തൊടുപുഴ-മുവാറ്റുപുഴ റോഡ് പൊതുവെയും ആവോലി മേഖല പ്രത്യേകമായും വാഹനാപകട കേന്ദ്രമാണ്.
300 ലേറെ ജീവനുകൾ നഷ്ടപ്പെട്ട വഴിയാണിത്. പുതു തലമുറ ബൈക്കിന്റെ അമിത വേഗത ഇവിടത്തെ 50 മീറ്റർ പരിധിയിൽ പലപ്പോഴും വില്ലനാകുന്നുമുണ്ട്. ഇനിയൊരു ദുരന്തത്തിന് കാത്തിരിക്കാതെ അധികൃതരുടെ സത്വര ഇടപെടലാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.