കുണ്ടന്നൂർ-ചിലവന്നൂർ റോഡ് : കൈയേറ്റങ്ങൾ ഒഴിയുന്നു: സിഐടിയു ഓഫീസ് പൊളിച്ചു തുടങ്ങി
1495239
Wednesday, January 15, 2025 4:08 AM IST
മരട്: കുണ്ടന്നൂർ-ചിലവന്നൂർ റോഡ് കൈയേറ്റങ്ങൾ ഒഴിയാനാവശ്യപ്പെട്ട് മരട് നഗരസഭ 72 മണിക്കൂർ സമയത്തെ നോട്ടീസ് നൽകിയതിന് പിന്നാലെ കൈയേറ്റങ്ങൾ ഒഴിഞ്ഞു തുടങ്ങി.
റോഡിന്റെതുടക്കത്തിൽ തന്നെ ഗതാഗത തടസം സൃഷ്ടിച്ച് സ്ഥിതി ചെയ്തിരുന്ന സിഐടിയുവിന്റെ ഓഫീസാണ് തൊഴിലാളികളുടെ നേതൃത്വത്തിൽ തന്നെ പൊളിച്ച് നീക്കാനാരംഭിച്ചത്.
സിഐടിയു ജനറൽ ബോഡി മീറ്റിംഗിൽ റോഡിലെ സിഐടിയുവിന്റെ ഓഫീസ് സ്വയം പൊളിച്ച് നീക്കാമെന്ന് തീരുമാനിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച വൈകിട്ട് നാലോടെയാണ് ഓഫീസ് പൊളിച്ചു നീക്കാൻ തുടങ്ങിയത്.
ഇന്നത്തോടെ ഓഫീസ് പൂർണമായും നീക്കം ചെയ്യുമെന്ന് നഗരസഭ കൗൺസിലർ സി.ആർ. ഷാനവാസ് അറിയിച്ചു. സമയപരിധിക്ക് ശേഷം തുടരുന്ന കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് ചിലവാകുന്ന തുക അവരിൽ നിന്നും ഈടാക്കുമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.