റോഡ് നിർമാണത്തിലെ തടസം: തർക്ക സ്ഥലങ്ങൾ സന്ദർശിച്ചു
1495241
Wednesday, January 15, 2025 4:08 AM IST
മൂവാറ്റുപുഴ: നഗരത്തിലെ റോഡ് നിർമാണത്തിലെ തടസം കണ്ടെത്തി പരിഹരിക്കുന്നതിന് എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ കെആർഎഫ്ബി, റവന്യു വകുപ്പ്, ജല അഥോറിറ്റി വകുപ്പ്, കോണ്ട്രാക്ടർ എന്നിവർക്കൊപ്പം ചേർന്ന് തർക്ക സ്ഥലങ്ങൾ സന്ദർശിച്ചു. നിലവിലുള്ള പ്രശ്നപരിഹാരത്തിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ചർച്ച നടത്തുവാൻ തീരുമാനമായി.
ഇത് സംബന്ധിച്ച് ഇന്ന് രാവിലെ 10.30ന് ബിഎസ്എൻഎൽ മൂവാറ്റുപുഴ ഏരിയ മാനേജരുടെ ചേന്പറിൽ യോഗം ചേരുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ, ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ, ലാന്റ് അക്വിസിഷൻ തഹസീൽദാർ, എൽഡിഎഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കും. മൂവാറ്റുപുഴ പിഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയാണ് പ്രശ്ന സ്ഥലങ്ങൾ കണ്ടെത്തിയത്.
ചില സ്വകാര്യ സ്ഥാപന ഉടമകൾ, വ്യക്തികൾ എന്നിവരുടെ സ്ഥലങ്ങളിലെ തർക്കങ്ങൾ രമ്യമായി പരിഹരിയ്ക്കാൻ ഇടപെടുമെന്ന് നേതാക്കൾ പറഞ്ഞു. നഗര വികസനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ലക്ഷ്യമിടുന്നു. ബിഎസ്എൻഎൽ റോഡിൽ സ്ഥാപിച്ച കോപ്പർ കേബിളുകൾ പൂർണമായി നീക്കം ചെയ്യാത്തതിനാൽ ജല അഥോറിറ്റി, കെഎസ്ഇബി, കെഎസ്ടിപി വകുപ്പുകളുടെ നവീകരണ നിർമാണ ജോലികൾ പൂർത്തിയാക്കാനാകുന്നില്ല.
കോപ്പർ ലൈൻ മാറ്റി ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിന് കിഫ്ബി 20 ലക്ഷം ബിഎസ്എൻഎല്ലിന് നൽകി. ചില സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് കേബിളുകൾ മാറ്റാത്തത് റോഡ് നിർമാണത്തെ ബാധിച്ചു.
ഇതേതുടർന്നാണ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. എൽഡിഎഫ് നേതാക്കളായ പി.എം. ഇസ്മയിൽ, ബാബു പോൾ, അനീഷ് എം. മാത്യു, ജോളി പൊട്ടയ്ക്കൽ, സി.കെ. സോമൻ, എം.എൻ. മുരളി, കെ.ജി. അനിൽകുമാർ, പി.ബി. അജിത് കുമാർ, ഫെബിൻ പി. മൂസ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമാണ് തർക്ക സ്ഥലങ്ങൾ സന്ദർശിച്ചത്.