എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരിശീലനം
1495247
Wednesday, January 15, 2025 4:19 AM IST
മൂവാറ്റുപുഴ: ഫെബ്രുവരി 27ന് നടക്കുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കായി കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ഉപജില്ലയിൽ സ്കോളർഷിപ്പ് പരിശീലനങ്ങൾക്ക് തുടക്കമായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. ബെന്നി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ആനി ജോർജ് അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകരായ ദീപ എബി, കെ.ജി. ഡീന, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എ.പി. അഹല്യമോൾ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ കെ.എം. നൗഫൽ, അബീഷ മോൾ എന്നിവർ അധ്യാപകർക്കുള്ള പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. സ്കോളർഷിപ്പ് പരിശീലനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസുകൾ, രക്ഷാകർതൃ ബോധവൽക്കരണം, മാതൃകാ പരീക്ഷകൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
ഉയർന്ന പഠന ലക്ഷ്യങ്ങളെ ലളിതമാക്കുന്നതിന്റെ ഭാഗമായി വിവിധ മൊഡ്യൂളുകൾ തയാറാക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വിഷയ ഗ്രൂപ്പുകളും രൂപീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സ്കോളർഷിപ്പ് പരീക്ഷകളിൽ മൂവാറ്റുപുഴ ഉപജില്ല ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ മികച്ച പ്രകടനവും കാഴ്ച്ചവച്ചിരുന്നു.