വേലിയേറ്റ വെള്ളക്കയറ്റം : എംഎൽഎ ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം
1493797
Thursday, January 9, 2025 4:32 AM IST
തോപ്പുംപടി: കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാര മാവശ്യപ്പെട്ട് കൊച്ചി എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കുമ്പളങ്ങി, ചെല്ലാനം, കണ്ടക്കടവ്, കണ്ണമാലി, പള്ളുരുത്തി, കളത്തറ, മുണ്ടംവേലി, മാനാശേരി എന്നിവിടങ്ങളിലാണ് വെള്ളയറ്റം രൂക്ഷമായിരിക്കുന്നത്.
കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മാർച്ച് കെപിസിസി സെക്രട്ടറി എം.ആർ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ ചേർന്ന് മറിച്ചിട്ടു. തുടർന്ന് പോലീസും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധം കനത്തതോടെ പോലീസിലെത്തി ലാത്തി വീശി. ലാത്തിയടിയിൽ കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീറിന്റെ തലയ്ക്ക് പരിക്കേറ്റു.
ജോസഫ് മാർട്ടിൻ, റിഫാസ് എന്നിവർക്കും ലാത്തിയടിയേറ്റു. പരിക്കേറ്റ സഗീറിനെ പോലീസ് ജീപ്പിൽ തന്നയാണ്െ ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്. തുടർന്ന് പ്രതിഷേധവുമായി തോപ്പുംപടി സ്റ്റേഷനിലേക്ക് നീങ്ങിയ പ്രവർത്തകരെ തോപ്പുംപടി പോലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പി.പി. ജേക്കബ് അധ്യക്ഷത വഹിച്ച പ്രതിഷേധത്തിൽ മുൻ മേയർ ടോണി ചമ്മിണി, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, കൗൺസിലർ ഷൈല തദ്ദേവൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, മെറ്റിൽഡ മൈക്കിൾ, ജോൺ പഴേരി, ടി.എം. റിഫാസ്,
എം.എച്ച്. ഹരീഷ്, അവറാച്ചൻ എട്ടുങ്കൽ, ജോൺ അലോഷ്യസ്, ജോഷി ആന്റണി, ഷാജി കുറുപ്പശേരി, ദിലീപ് കുഞ്ഞുകുട്ടി, സി.എക്സ്. ജൂഡ്, ഇ.എ. ഫ്രാൻസിസ്, എം.പി. രത്തൻ, പ്രേം ജോസ്, നിഷിത് പ്രഭാത് എന്നിവർ നേതൃത്വം നൽകി.