ദുരിതമായി എംവിഐപി കനാലിലെ കാട്
1493785
Thursday, January 9, 2025 4:17 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയിലെ (എംവിഐപി) മാറാടി ശാഖ കനാലിൽ വളർന്ന കാട് വെട്ടിമാറ്റാത്തത് ദുരിതമാകുന്നു. പാഴ്മരങ്ങളും കാട്ടുചെടികളും വളർന്ന് ജല വിതരണത്തിന് തടസമാകുന്ന അവസ്ഥയിലാണ്.
കനാലിന്റെ മാറാടി ശാഖയുടെ ശൂലം ഭാഗം മുതൽ കായനാട് പ്രദേശത്തേക്കുള്ള സബ്കനാലിലാണ് കാട് വളർന്നത്. ഇതുമൂലം കനാലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തങ്ങികിടക്കുന്നു. ജലവിതരണവും സുഗമമാകുന്നില്ല.
ഇവിടെ മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. കനാലിൽ കാട് വെട്ടി വൃത്തിയാക്കിയിട്ട് രണ്ട് വർഷത്തിലേറെയായി. ശൂലം തോട്ടിലേക്കാണ് കനാൽ എത്തിച്ചേരുന്നത്. ഈ ഭാഗത്തും കനാലിൽ കല്ലും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. ടാറിംഗ് നടത്താത്ത കനാൽ ബണ്ട് റോഡിലൂടെ പാറമടയിലേക്കുള്ള ടോറസ്, ടിപ്പർ എന്നിവ പോകുന്നതിനാൽ 400 മീറ്ററോളം ഭാഗം തകർന്നു.
വെള്ളം നിറഞ്ഞ് ആഴമുള്ള പാറമടയ്ക്കും കനാലിനും ഇടയിലുള്ള ബണ്ട് റോഡ് ഇടിയുവാൻ സാധ്യതയുണ്ട്. എംവിഐപി മൂവാറ്റുപുഴ ഡിവിഷൻ മൂന്നിന് കീഴിലുള്ളതാണ് കനാൽ. കാടും പാഴ്മരങ്ങളും വെട്ടിമാറ്റി മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി വേനൽക്കാലത്ത് കനാലിൽ ജലവിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.