തൊഴിലാളി ക്ഷേമനിധി അദാലത്ത്: ഭീമമായ തുകയുടെ നോട്ടീസ് കിട്ടുന്നതായി വ്യാപാരികൾ
1493776
Thursday, January 9, 2025 4:17 AM IST
ആലുവ: വ്യാപാരശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് നൽകേണ്ട കുടിശിക വലിയ തോതിൽ രേഖപ്പെടുത്തി നോട്ടീസ് ലഭിക്കുന്നതായി വ്യാപാരികളുടെ പരാതി. എന്നാൽ പരാതിയിൽ ന്യായം ഉണ്ടെങ്കിൽ അനുകൂലമായ തീരുമാനം ഇന്ന് ആലുവയിൽ നടക്കുന്ന അദാലത്തിൽ എടുക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.കെ. നാസർ 'ദീപിക' യോട് പറഞ്ഞു.
ക്ഷേമനിധി ബോർഡിലെ തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും വർധിപ്പിച്ച പ്രകാരം 100 രൂപയാണ് പ്രതിമാസം അടയ്ക്കേണ്ടത്. ഇതിൽ തൊഴിലുടമയുണ്ട വിഹിതം 50 രൂപയും തൊഴിലാളി വിഹിതം 50 രൂപയും ആണ്.
തൊഴിലാളിയും തൊഴിലുടമയും അടയ്ക്കേണ്ട തുക വർഷങ്ങളുടെ കുടിശിക കണക്കാക്കിയാണ് പലർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ലെന്ന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ വ്യാപാരി പി.എ. അഷറഫ് പറഞ്ഞു. ഉടമകൾ മാത്രമുളള സ്ഥാപനങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ജോലി നിർത്തിപ്പോയ തൊഴിലാളികളുടെ വിഹിതം എന്ന പേരിൽ ചിലർക്ക് ഭീമമായ തുകകൾ വന്നിട്ടുണ്ട്. എന്നാൽ തൊഴിലാളി കടയിൽ ജോലി ചെയ്തിരുന്ന സമയത്തെ തുക മാത്രം അടച്ചാൽ മതിയെന്നും സത്യവാങ്മൂലം നൽകിയാൽ ബാക്കി തുക ഒഴിവാക്കി നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
നഗരത്തിലെ എല്ലാ വ്യാപാരശാലകൾക്കും നോട്ടീസ് നൽകാതെ ചിലരെ മാത്രം ഉൾപ്പെടുത്തിയതിലും വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അദാലത്തിന് മുന്നോടിയായി ഏതാനും പേർക്ക് നോട്ടീസ് നൽകിയതാണെന്നും കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് എന്ന നിലയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും കുടിശിക നോട്ടീസ് തുടർന്ന് അയക്കുമെന്നും കലൂരിലുള്ള ക്ഷേമനിധി ഓഫീസ് വിശദീകരണം നൽകി.
ഫോം 4 പൂരിപ്പിച്ച എല്ലാ വ്യാപാരികളും തൊഴിലാളിയുടെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാധ്യസ്ഥരാണ്. തൊഴിലാളിയുടെ സേവനം നിർത്തുകയോ ഇല്ലാതാവുകയോ ചെയ്താൽ സമയാസമരം അതാത് ഓഫീസുകളെ അറിയിക്കണം.
തുടർന്ന് ബാധ്യത വ്യാപാരിക്ക് ഒഴിവാകും. ഉടമയെക്കൂടാതെ അടുത്ത ബന്ധുക്കൾ കടയിൽ ഉണ്ടെങ്കിൽ അവരെ ഉടമയ്ക്ക് തുല്യമായി കരുതി ക്ഷേമനിധി ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.കെ. നാസർ അറിയിച്ചു. ഇനി 10, 13 തിയതികളിൽ പറവൂർ മേഖലയിലാണ് അദാലത്ത് നടക്കുക.