യുവാവ് ജീവനൊടുക്കിയ സംഭവം: അധ്യാപകൻ അറസ്റ്റിൽ
1493792
Thursday, January 9, 2025 4:29 AM IST
പറവൂർ: കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്പതികളുടെ മകൻ അരുൺലാൽ (34) വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം.ആർ. കൃഷ്ണകുമാറി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇളന്തിക്കര ഹൈസ്കൂൾ അധ്യാപകനായ ഇയാളെ ഇന്നലെ പുലർച്ചെ നെടുമ്പാശേരി അത്താണിയിലുള്ള വീട്ടിൽനിന്നാണ് പിടികൂടിയത്.
പറവൂർ നഗരത്തിലെ സ്കൂൾ അധ്യാപികയായ അരുൺലാലിന്റെ ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന അടുപ്പമാണ് മരണത്തിലേക്ക് വഴിവച്ചത്. നാലു പേജുള്ള അരുൺലാലിന്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ കുടുംബ ജീവിതം തകർത്തതിൽ കൃഷ്ണകുമാറിനുള്ള പങ്ക് സൂചിപ്പിച്ചിരുന്നു.
ഭാര്യയുമായുള്ള ഇയാളുടെ ബന്ധം സംബന്ധിച്ച് പോലീസിൽ അരുൺലാൽ രണ്ട് മാസം മുമ്പ് പരാതിയും നൽകിയിരുന്നു. വീട്ടുകാരുടെ സാന്നിധ്യത്തിൽ ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഇതേത്തുടർന്ന് ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച അധ്യാപികയെ പോലീസ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു.
ഇതിനു ശേഷവും കൃഷ്ണകുമാറുമായുള്ള ബന്ധം തുടരുന്നതായി അരുൺലാലിന് വിവരം ലഭിച്ചു. ഒമ്പതും രണ്ടര വയസും ഉള്ള പെൺ മക്കളെ ഉപേക്ഷിച്ച് ഭാര്യ കടന്നുകളഞ്ഞത് അരുൺലാലിനെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയിരുന്നു. ഇതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ഇയാൾ വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
കൃഷ്ണകുമാറിനെതിരെ സമാനസ്വഭാവമുള്ള നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. സ്കൂളിലെ ഇയാളുടെ പെരുമാറ്റം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും മാനേജ്മെന്റിന് പരാതി നൽകി. ആരോപണമുയർന്നപ്പോൾ തന്നെ ലീവിൽ പോകാൻ സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.