പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
1493790
Thursday, January 9, 2025 4:29 AM IST
മൂവാറ്റുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ രാഷ്ട്രീയ സമ്മർദങ്ങൾക്കും പാരിതോഷികങ്ങൾക്കും വഴങ്ങി കേരള പോലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ജനാധിപത്യ അവകാശ സംരക്ഷണ സമിതി ആരോപിച്ചു.
കഴിഞ്ഞ ഡിസംബർ ഏഴിന് കച്ചേരിത്താഴത്തെ ബാർ ഹോട്ടലിന് സമീപം ജനാധിപത്യ അവകാശ സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്ററെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയും ലൈംഗിക ചുവയോടുകൂടി കടന്നുപിടിക്കുകയും ചെയ്തതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നു ജനാധിപത്യ അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.എം. സുബൈർ,
വർക്കിംഗ് പ്രസിഡന്റ് മാത്യു സ്റ്റീഫൻ, സെക്രട്ടറി പി.എസ്. വിജയകുമാർ, കോട്ടയം ജില്ലാ സെക്രട്ടറി വിജയ് കൊടുങ്ങൂർ, സംസ്ഥാന കോ-ഓർഡിനേറ്റർ ജിജി മാത്യു, എറണാകുളം ജില്ലാ ട്രഷറർ അലൻ റോയ് എന്നിവർ പറഞ്ഞു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തുമെന്നും ജനാധിപത്യ അവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.