ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് നേടി "സുവിശേഷദീപം'
1493768
Thursday, January 9, 2025 4:10 AM IST
കൊച്ചി: വിശുദ്ധ ലൂക്കായുടെ സുവിശേഷം 3.500 പേരുടെ കൈപ്പടയിൽ പകർത്തി എഴുതി സമർപ്പിച്ചു മഹാസംഗമം ("സുവിശേഷദീപം') സംഘടിപ്പിച്ച വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. ഡൽഹി ആസ്ഥാനമായ ഇൻക്യുബ് മീഡിയയിൽ നിന്ന് റിക്കാർഡിന്റെ രേഖകളും മെഡലും മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഏറ്റുവാങ്ങി.
ഡിസംബർ 29ന് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഗമം. പരിപാടിയിൽ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, ജർമൻ ഭാഷകളിലാണ് വിദ്യാർഥികൾ സുവിശേഷം പകർത്തിയെഴുതിയത്. അടുത്ത അധ്യയന വർഷം 10,000 പേരെ പങ്കെടുപ്പിച്ചു വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിന്റെ കൈയെഴുത്ത് രചന നടത്തുമെന്നു മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ്, കോ-ഓർഡിനേറ്റർമാരായ സിബി ജോയ്, പീറ്റർ കൊറയ, സൈറസ് റോഡ് ഡ്രിഗ്സ് എന്നിവർ അറിയിച്ചു.