എടയാർ തീപിടുത്തം: അഗ്നിരക്ഷാ സംവിധാനം ഇല്ലാതെ കമ്പനികൾ
1493779
Thursday, January 9, 2025 4:17 AM IST
ആലുവ: കത്തി നശിച്ച ജ്യോതി കെമിക്കൽസിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ വന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ വർഷത്തെപ്പോലെ എടയാർ വ്യവസായ മേഖലയിൽ പുതുവർഷവും അപകട പരമ്പര സാധ്യത ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചത്.
എടയാർ വ്യവസായ മേഖലയിൽ കഴിഞ്ഞ ദിവസം തീപ്പിടിച്ച കമ്പനിയിൽ യാതൊരു വിധത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്ന വിവരം ഇതിനിടെ പുറത്തു വന്നു.
അഗ്നി രക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ തീപ്പിടുത്തം ചെറുക്കാനായി യാതൊരു മുൻകരുതലും കമ്പനി എടുത്തില്ലെന്ന് കണ്ടെത്തി.
ഇന്നലെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തി. അന്വേഷണവും റിപ്പോർട്ട് തയാറാക്കലും പ്രഹസനമായെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കഴിഞ്ഞ വർഷം നാലു തവണയാണ് പ്രധാന അപകടങ്ങളും തീപ്പിടുത്തങ്ങളും ഉണ്ടായത്. ജീവഹാനിയും ഉണ്ടായി. റിപ്പോർട്ട് ചെയ്യാത്തവ ചെറിയ അപകടങ്ങൾ വേറെയുമുണ്ട്. സുരക്ഷാ സംവിധാനം നിർബന്ധമാക്കുമെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് പറയുന്നുണ്ടെങ്കിലും എല്ലാം കടലാസിൽ മാത്രമെന്ന് നാട്ടുകാർ ആരോപിച്ചു.
ഇരുന്നൂറിലധികം കമ്പനികളാണ് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നത്.