കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിത ഇടപെടല്‍; വയോധികയ്ക്ക് പുതുജീവന്‍
1493772
Thursday, January 9, 2025 4:10 AM IST
കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍ ബസില്‍ കുഴഞ്ഞുവീണ 60കാരിക്ക് രക്ഷയായി. വിവരം അറിഞ്ഞയുടന്‍ ബസ് ജീവനക്കാര്‍ വയോധികയെ വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയുമായി ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബില്‍ നിന്നു കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണു.
സമീപത്തിരുന്ന സഹയാത്രികന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലിതിന്, കണ്ടക്ടര്‍ ലെനിന് ശ്രീനിവാസന് എന്നിവര്‍ ഉടന്‍ തന്നെ ബസ് ആശുപത്രിയിലേക്ക് വിടാൻ തീരുമാനിച്ചു.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വയോധികയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്കി.
കുഴഞ്ഞു വീണയുടൻ സമയം നഷ്ടപ്പെടുത്താതെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബസ് ആശുപത്രിയില്‍ 30 മിനിറ്റ് കാത്തുനിന്ന ശേഷമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടർന്നത്.