നേര്യമംഗലത്ത് ദേശീയപാതയിൽ ‘നാട്ടുകാരുടെ വഴിയടച്ച് നവീകരണം നടത്തരുത്’
1493789
Thursday, January 9, 2025 4:29 AM IST
കോതമംഗലം: നേര്യമംഗലം വില്ലാംചിറയിൽ നാട്ടുകാരുടെ വഴിയടച്ച് ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെതുടർന്ന് ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ കരാറുകാർക്ക് നിർദേശം നൽകി.
വില്ലാംചിറയിൽ 25 കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചാണ് ദേശീയപാത നവീകരണ പ്രവൃത്തികൾ നടന്നുവരുന്നത്. കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ ഇവർ പ്രതിഷേധവുമായി രംഗത്തെത്തി. ദീപിക പത്രം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വില്ലാഞ്ചിറയിൽ ഒരു വശം അഗാധമായ കൊക്കയാണ്. നിലവിലെ ദേശീയ പാതയിൽനിന്ന് ചരിവിലൂടെ മൂന്നിടത്തായി നിർമിച്ചിരുന്ന മൺപാതയാണ് 25 കുടുംബങ്ങൾ ഇക്കാലമത്രയും സഞ്ചാരമാർഗമായി ഉപയോഗിച്ചിരുന്നത്. ദേശീയ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി 50 അടിയോളം താഴ്ചയിൽനിന്ന് കോൺക്രീറ്റ് ഭിത്തികൾ നിർമിച്ചതോടെ കുടുംബങ്ങളുടെ സഞ്ചാര മാർഗം അടഞ്ഞു പോകുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് കരാറുകാരുമായി നടത്തിയ ചർച്ചയിൽ ഇവർക്കെല്ലാം റാമ്പ് കെട്ടി വഴി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അത് പാലിച്ചില്ല.
നിർമാണ പ്രവൃത്തികളെതുടർന്ന് ഇത്രയും കുടുംബങ്ങളുടെ കുടിവെള്ള വിതരണ പൈപ്പുകളും തകർന്നിരുന്നു. ഇതോടെ ഇവിടെ ശുദ്ധജല വിതരണവും മുടങ്ങിയിരുന്നു. ഡീൻ കുര്യാക്കോസ് എംപി, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമൊത്ത് സ്ഥലം സന്ദർശിച്ച് കുടുംബങ്ങളുടെ പരാതി പരിശോധിച്ചു.
കുടുംബങ്ങളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനെതുടർന്ന് എംപിയുടെ നേതൃത്വത്തിൽ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, യുഡിഎഫ് നേര്യമംഗലം മണ്ഡലം ചെയർമാൻ ജെയ്മോൻ ജോസ്, കൺവീനർ പി.എം.എ. കരീം, എ.പി. സാബു എന്നിവർ നടത്തിയ ചർച്ചയിൽ വഴിയടച്ച് നിർമാണ പ്രവൃത്തികൾ നടത്തരുതെന്ന് പ്രോജക്ട് ഡയറക്ടർ കരാർ കമ്പനിക്ക് നിർദേശം നൽകി.
കുടുംബങ്ങളുടെ സഞ്ചാരം സാധ്യമാക്കും വിധം റാമ്പ് നിർമിച്ചു നൽകാനും നിലവിൽ വാഹന ഗതാഗതം ഉണ്ടായിരുന്ന വഴികൾ തുറന്നുകൊടുക്കാനും തകർന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.