നഗരമധ്യത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ലഹരിമരുന്ന് ശേഖരം
1493767
Thursday, January 9, 2025 4:10 AM IST
ആലുവ: മസ്ജിദ് റോഡിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ലഹരിമരുന്നു ശേഖരം കണ്ടെത്തി. ആലുവ എക്സൈസ് നടത്തിയ പരിശോധനയിൽ 60 ആംപ്യൂളുകളും ഏതാനും മദ്യക്കുപ്പികളും കണ്ടെടുത്തു. ഇന്നലെ രാവിലെ ആലുവ ജില്ലാശുപത്രി ജംഗ്ഷനോടു ചേർന്നുള്ള നടവഴിയിലെ നാദിർഷ എന്നയാളുടെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ രഹസ്യ സന്ദേശത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
തകർന്ന വീടായതിനാൽ വീട്ടുടമ വരാറില്ല. ആംപ്യൂളുകളും മദ്യക്കുപ്പികളും കൂടാതെ മുറികളിൽ നിന്നും സിറിഞ്ചുകളും മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും കണ്ടെത്തി. ഒരു വശത്ത് ഹെൽമറ്റുകളും കൂട്ടിയിട്ടിട്ടുണ്ട്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
റെയിൽ പാതയോരത്തെ വീട്ടിൽ 24 മണിക്കൂറും നിരവധി യുവാക്കൾ വന്നുപോകുന്നതായും കഴിഞ്ഞ ദിവസം വീടിനുള്ളിൽ തീയിട്ടതായും സമീപവാസികൾ പറഞ്ഞു. അർബുദ രോഗികൾക്ക് വേദനസംഹാരിയായി നൽകുന്ന ആംപ്യൂളുകൾ 10 വീതം അടങ്ങിയ ആറുപാക്കറ്റ് ലഹരി സംഘങ്ങളുടെ പക്കൽ എത്തിയതിനെക്കുറിച്ചും പോലീസും അന്വേഷിക്കുന്നുണ്ട്.