അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം: പോലീസ് അന്വേഷണം തുടങ്ങി
1493781
Thursday, January 9, 2025 4:17 AM IST
കരുമാലൂർ: കരുമാലൂർ മരോട്ടിച്ചുവട് വില്ലേജ് ഓഫീസിന് സമീപം അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടന്ന സംഭവത്തിൽ ആലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്കും, വിരലടയാള വിദഗ്ധരും പരിശോധന നടത്തും. കരുമാലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ മോഷണങ്ങൾ നടക്കാൻ തുടങ്ങിയതോടെ ആലങ്ങാട് പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞദിവസം കരുമാലൂരിൽ മരോട്ടിച്ചുവട് ഭാഗത്ത് ചന്ദ്രബാബുവിന്റെ അടച്ചിട്ട വീടു കുത്തിത്തുറന്നു മോഷണം നടത്തിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. മോഷണത്തിൽ വീട്ടിൽ നിന്നു വിലകൂടിയ വാച്ച് മാത്രമാണു നഷ്ടപ്പെട്ടതെന്നും മദ്യക്കുപ്പികൾ നഷ്ടപ്പെട്ടില്ലെന്നും വീട്ടുടമ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപത്തിയഞ്ചോളം മോഷണങ്ങളാണ് ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. ഇതിൽ ഭൂരിഭാഗം പ്രതികളെയും പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം.
വീടുകൾ, കടകൾ എന്നിവ കുത്തിത്തുറന്നും വാഹനങ്ങൾ, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട മോഷണങ്ങളാണ് അടുത്തകാലത്തായി നടന്നിട്ടുള്ളവയിൽ ഏറെയും. കാരുചിറ, മനയ്ക്കപ്പടി, ആനച്ചാൽ, തത്തപ്പിള്ളി, കോട്ടപ്പുറം, വെളിയത്തുനാട് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചു മാസത്തിനിടെ മോഷണം നടന്നിരുന്നു.
വീട്ടുകാർ കൃത്യമായ പുറത്തുപോയ സമയം നോക്കി നടക്കുന്ന മോഷണങ്ങൾ കരുമാലൂർ മേഖലയിൽ കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. പരിചയമുള്ള ആരെങ്കിലും ഇതിനു പിന്നിലുണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുംകൃത്യമായ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. കേസെടുക്കാൻ ഒരു ദിവസം വൈകിയതും തെളിവുകൾ നശിക്കാൻ കാരണമായെന്ന ആക്ഷേപം ഉയർത്തിയിട്ടുണ്ട്.