സംസ്ഥാന സ്കൂള്‍ കലോത്സവം : നാടന്‍പാട്ടിൽ വീട്ടൂര്‍ എബനേസറിന് എ ഗ്രേഡ്
1493783
Thursday, January 9, 2025 4:17 AM IST
മൂവാറ്റുപുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഹൈസ്കൂള്‍ വിഭാഗത്തില്‍ നാടന്‍പാട്ട് മത്സരത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്. മെഹറിന് ഫര്‍സാന, ജെ. അവന്തിക, പി.എസ്. ശ്രീലക്ഷ്മി, വൈഗ സജിത്ത്, അനീന പൗലോസ്, ഗോഡ്സി മരിയന്‍ ബിജു, എസ്. സിജിന്‍ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
ആലപ്പുഴ ജില്ലയിലെ വടക്കന്‍ മേഖലയില്‍ പുലയ സമുദായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ളതും കൊടുങ്ങല്ലൂര്‍ അമ്മയെ വാഴ്ത്തി പാടുന്നതുമായ ഒരു ആചാര അനുഷ്ഠാന പാട്ടാണ് വടക്കുപുറത്ത് വിളക്കുവച്ചു പാട്ട്.
അമ്മയുടെ അരശിരിക്കല് ചടങ്ങിനോടനുബന്ധിച്ച് പാടുന്ന പാട്ടാണ്. പരമ്പരാഗത നാട്ടുവാദ്യങ്ങളായ കിണ്ണം, തുടി, വലംതല, കൈമണി എന്നിവയാണ് വടക്കുപുറത്തു പാട്ടിനായി ഉപയോഗിച്ചത്.
കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ട് കലാ സംഘത്തിലെ അഖില്‍ രാജും എബനേസര്‍ സ്കൂളിലെ സംഗീത അധ്യാപിക ജിഞ്ചുവും ചേര്‍ന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്.