അനധികൃത ഫ്ലക്സ്; 45,000 രൂപ പിഴ
1493770
Thursday, January 9, 2025 4:10 AM IST
വൈപ്പിൻ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊതു നിരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചയാൾക്ക് കുഴുപ്പിള്ളി പഞ്ചായത്ത് 45,000 രൂപ പിഴ വിധിച്ചു.
കഴിഞ്ഞ19 ന് അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ വച്ച് വനിതകൾക്ക് ടൂവീലർ വിതരണം ചെയ്ത പരിപാടിയുടെ പ്രചരണാർഥം ഫ്ലക്സ് സ്ഥാപിച്ച മുനമ്പം സ്വദേശി ഷിബിൻ ലാലിനാണ് പിഴ വിധിച്ചത്. മൊത്തം ഒമ്പത് ബോർഡുകൾ ആണ് സ്ഥാപിച്ചത്. ഓരോന്നിനും 5,000 രൂപ വീതം വച്ച് ആണ് 45,000 രൂപ പിഴയായത്.
ബോർഡുകളിൽ അനുവദിനീയമായ മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാനുള്ള ക്യു ആർ കോഡും, ബോർഡ് പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടില്ല. ഇതും ഗുരുതരമായ നിയമലംഘനമാണത്രേ. പിഴ അടക്കാതിരുന്നാൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.