വള്ളുവള്ളിയിൽ സ്വകാര്യബസ് മരത്തിലിടിച്ചു; 40 പേർക്ക് പരിക്ക്
1493791
Thursday, January 9, 2025 4:29 AM IST
വരാപ്പുഴ: ദേശീയപാത 66ൽ വള്ളുവളളിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 6.20നായിരുന്നു അപകടം. ഗുരുവായൂരിൽ നിന്നു വൈറ്റിലയ്ക്ക് വരിക യായിരുന്ന ഡോളർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആയതിനാൽ ജോലിക്ക് പോകുന്നവർ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. 30 പേരെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലും 10 പേരെ പറവൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിനു മുമ്പായി ബസിൽ നിന്ന് എന്തോ ഒരു വലിയ ശബ്ദം കേട്ടതായി പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. എന്നാൽ ബസ് നിർത്തിയില്ല. തുടർന്ന് അടുത്ത വളവിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുറത്തിറക്കാനായത്.
കാലിന് പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചവരിൽ പലരുചെയും പരിക്ക് ഗുരുതരമാണ്. യാത്രക്കാരിൽ ഭൂരിഭാഗം സ്ത്രീകളായിരുന്നു. പോലീസും, അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഏറെ നേരത്തിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ജോയിന്റ് ആർടിഒ കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ബസിൽ പരിശോധന നടത്തി. അലക്ഷ്യമായ ഡ്രൈവിംഗ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ് കണ്ടക്ടർ കൊടുങ്ങല്ലൂർ ചുള്ളിപ്പറമ്പിൽ മുഹമ്മദ് റാഫി (54), പെരിങ്ങോട്ടുകര കാരാട്ടുപറമ്പിൽ കെ.പി. ഷീല (59), പെരിഞ്ഞനം ചന്ദ്രപുരക്കൽ രാജൻ (54), വാവക്കാട് മണപറമ്പിൽ സവിത റനീഷ്(46), തളിക്കുളം കൊപ്പറമ്പിൽ വിജയൻ (64), ചെറിയ പല്ലംതുരുത്ത് ഈരയിൽ ജയന്തി (51) എന്നിവരാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർ.