കോതമംഗലത്ത് ക്രിക്കറ്റ് സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിക്കും
1454888
Saturday, September 21, 2024 3:58 AM IST
കോതമംഗലം: കായികപ്പെരുമയുടെ നാടായ കോതമംഗലത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിക്കുമെന്ന് കോതമംഗലം ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എട്ടേക്കറോളം വരുന്ന സ്ഥലത്ത് ക്രിക്കറ്റ് സ്റ്റേഡിയവും ബോർഡിംഗ് സൗകര്യത്തോടു കൂടിയ ഒരു സ്പോർട്സ് കോംപ്ലക്സുമാണ് കോതമംഗലം ക്രിക്കറ്റ് ക്ലബ് ലക്ഷ്യമിടുന്ന പുതിയ പദ്ധതി. ഇന്ന് വൈകുന്നേരം 7.30ന് കോഴിപ്പിള്ളി ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കോതമംഗലം ക്ലബ് നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് നിർവഹിക്കും.
കെസിസി പ്രസിഡന്റ് ജോസുകുട്ടി സേവ്യർ അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിയ 13 കുട്ടികൾക്ക് ചടങ്ങിൽ ഷിബു തെക്കുംപുറം സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഇന്ത്യ ലോകകിരീടം നേടിയ 1983ൽ കോതമംഗലത്തെ ക്രിക്കറ്റ് പ്രേമികളായ ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് കോതമംഗലം ക്രിക്കറ്റ് ക്ലബ്. പത്രസമ്മേളനത്തിൽ കോതമംഗലം ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജോസുകുട്ടി സേവ്യർ, സെക്രട്ടറി ഷിബു ഐസക്, ട്രഷറർ കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.