തിരുമാറാടി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി നിർമാണോദ്ഘാടനം ഇന്ന്
1454887
Saturday, September 21, 2024 3:58 AM IST
തിരുമാറാടി: തിരുമാറാടി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും.
വെള്ളവും പോഷകങ്ങളും നേരിട്ട് ചെടിയുടെ വേരുകൾക്കിടയിലേക്ക് ശരിയായ സമയത്ത് ശരിയായ അളവിൽ എത്തിക്കുന്ന സംവിധാനമാണ് മൈക്രോ ഇറിഗേഷൻ. ഓരോ ചെടിക്കും ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ മാത്രം കൃത്യമായി ലഭിക്കും. 5.27 കോടി അടങ്കൽ തുക വരുന്ന പദ്ധതിയാണ് തിരുമാറാടിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ചടങ്ങിൽ കെഐഐഡിസി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള പദ്ധതി വിശദീകരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, മൈക്രോ ഇറിഗേഷൻ സമിതി പ്രസിഡന്റ് എം.സി. സാജു, സെക്രട്ടറി ജിനു അഗസ്റ്റിൻ എന്നിവർ അറിയിച്ചു