പൈങ്ങോട്ടൂരിൽ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് വൈസ് പ്രസിഡന്റ് പദവി
1454883
Saturday, September 21, 2024 3:58 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്തിൽ മൂന്നാം വാർഡംഗം സിപിഎമ്മിലെ സാബു മത്തായി നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാബു മത്തായിക്കും എതിർ സ്ഥാനാർഥി നാലാം വാർഡംഗം കോണ്‍ഗ്രസിലെ സാറാമ്മ പൗലോസിനും ആറ് വോട്ടുകൾ വീതമാണ് ലഭിച്ചത്. വോട്ടെടുപ്പിൽ സമനില വന്നതുമൂലം നടത്തിയ നറുക്കെടുപ്പിൽ സാബു മത്തായിയെ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു.
13 അംഗ ഭരണസമിതിയാണ് ഇവിടെ. യുഡിഎഫ് സ്വതന്ത്രനായി പത്താം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് കൂറുമാറി ഇടതുമുന്നണിയിൽ ചേർന്നിരുന്നു. ഇതിനെ തുടർന്ന് യുഡിഎഫ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിസാറിനെ അയോഗ്യനാക്കിയത് മൂലമുണ്ടായ ഒഴിവിലാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
ഡീൻ കുര്യാക്കോസ് എംപിയുടെയും, മാത്യു കുഴൽനാടൻ എംഎൽഎയുടെയും ജന്മനാടായ പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇരുമുന്നണികൾക്കും അംഗബലം തുല്യമാണെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ ഇടതു മുന്നണിക്ക് സ്വന്തമാണ്.
മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജെയ്മോൻ സി. ചെറിയാൻ വരണാധികാരിയായിരുന്നു.