കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് 23ന് ‘ആന സമരം’
1454882
Saturday, September 21, 2024 3:58 AM IST
കോതമംഗലം: കോണ്ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 23ന് കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് ‘ആന സമരം’ നടത്തും. രാവിലെ പത്തിന് കെസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും ആനയുടെ രൂപം മുന്നിൽനിർത്തിയാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമാകുന്പോൾ ഒരു നടപടിയുമെടുക്കാൻ തയാറാകാത്ത എംഎൽഎയ്ക്കും എൽഡിഎഫ് സർക്കാരിനുമെതിരേയാണ് സമരം.
നിയോജകമണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടന്പുഴ, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടും ഫെൻസിംഗ് സ്ഥാപിക്കുന്നതിനോ, ട്രഞ്ച് കുഴിക്കുന്നതിനോ അധികാരികൾ തയാറാകുന്നില്ല.
ദിവസേന ആനയിറങ്ങുന്ന ഭയാനക സാഹചര്യമുണ്ടായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സർക്കാർ അനാസ്ഥ ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം കോണ്ഗ്രസ് സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ആക്രമണങ്ങൾക്ക് ഇരയായി മരണം സംഭവിച്ചവർക്കും, പരിക്കേറ്റവർക്കും, കൃഷി നശിച്ചവർക്കും, വളർത്തുമൃഗങ്ങൾ നഷ്ടമായവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ മരണപ്പെട്ടപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പാലിച്ചിട്ടില്ല.
ശാസ്ത്രീയ പഠനം നടത്തി വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനക്കൽ, ബാബു ഏലിയാസ് എന്നിവർ ആവശ്യപ്പെട്ടു.