കോതമംഗലം കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവർത്തനം ആരംഭിച്ചു
1454881
Saturday, September 21, 2024 3:50 AM IST
കോതമംഗലം: വന്യമൃഗശല്യം ഫലപ്രദമായി തടയുന്നതിനായി കോതമംഗലം കേന്ദ്രീകരിച്ച് അനുവദിച്ച പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം ഡിവിഷനിൽ 24 മണിക്കൂറും ആർആർടി ടീമിന്റെ സേവനം ഉറപ്പ് വരുത്തുമെന്നും, ആവശ്യമായ ജീവനക്കാരെയും പ്രതിരോധ ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായും എംഎൽഎ പറഞ്ഞു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാഗിംഗ് ഫെൻസിംഗ്, ഫെൻസിംഗ് എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും.
കോതമംഗലം മണ്ഡലത്തിലെ മുഴുവൻ ഫോറസ്റ്റ് റേഞ്ചുകളും കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുതകുന്ന അത്യാധുനീക സംവിധാനങ്ങളുള്ള വാഹനങ്ങൾ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നൽകുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കന്നി 20 പെരുന്നാളിന് മുന്നോടിയായി വന്യജീവി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സ്പെഷൽ ഡ്രൈവ് നടത്തും. പുന്നേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.
ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ. അരുണ്‍, കോതമംഗലം ഡിഎഫ്ഒ പി.യു. സാജു, കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എ. ജലീൽ, കാളിയാർ, മുള്ളരിങ്ങാട്, തൊടുപുഴ എന്നിവിടങ്ങളിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വാർഡംഗം ജിജോ ആന്റണി, വനസംരക്ഷണ സമിതിയംഗം കെ. ഏലിയാസ്, വൈസ് പ്രസിഡന്റ് ബീന റോജോ, പഞ്ചായത്തംഗം വി.സി. ചാക്കോ, കെ.ഒ. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
ആർആർടി സേവനം
വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സേവനത്തിനായി 24 മണിക്കൂറും പൊതുജനങ്ങൾക്ക് റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെടാനാകും. വിളിക്കേണ്ട ഫോൺ നന്പർ: 8547601331.