സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യം: മന്ത്രി വീണാ ജോർജ്
1454879
Saturday, September 21, 2024 3:50 AM IST
പിറവം: സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ അവബോധ നത്തിലൂടെ രോഗങ്ങളെ ചെറുക്കുന്ന സമൂഹമായി മാറണമെന്ന് അവർ കുട്ടിച്ചേർത്തു.
പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയിൽ വൻ ചെലവ് വരുന്ന ചികിത്സാ സംവിധാനങ്ങൾ കേരളത്തിലെമ്പാടുമുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. ഇതിലൂടെ സമൂഹത്തിൽ രോഗാതുരത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ജീവിതശൈലീ രോഗങ്ങളടക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ 40 വയസിന് മുകളിലുള്ളവർ ഇടയ്ക്കിടെ പരിശോധനകൾ നടത്തണം. അസുഖങ്ങളുണ്ടെങ്കിൽ കണ്ടെത്തി ഉടനടി ചികിത്സിക്കണം. ആശുപത്രി ജീവനക്കാർ എപ്പോഴും രോഗികളെ ചേർത്ത് പിടിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
പിറവത്ത് ഉടൻ ഗൈനോക്കോളജി അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സമയക്കുറവ് മൂലം കൂത്താട്ടുകുളത്ത് എത്തിചേരാൻ സാധിക്കാത്തതിനെത്തുടർന്നാണ് പിറവത്ത് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത്.
യോഗത്തിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ അതിഥിയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു, ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം,
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. പി. സിന്ധു എന്നിവർ പ്രസംഗിച്ചു. പിറവം, കൂത്താട്ടുകുളം നഗരസഭകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു.