മഞ്ഞനക്കാട് കുടിവെള്ളം ഇന്നെത്തും; അധികൃതരുടെ ഉറപ്പിൽ സമരം നിർത്തി
1454877
Saturday, September 21, 2024 3:50 AM IST
വൈപ്പിൻ: കുടിവെള്ള ക്ഷാമത്തെ തുടർന്ന് മാലിപ്പുറത്തെ വാട്ടർ അഥോറിട്ടി ആഫീസിനു മുന്നിൽ വ്യാഴാഴ്ച രാവിലെ ഞാറക്കൽ പഞ്ചായത്ത് എട്ടാം വാർഡംഗം എൻ.എ. ജോർജ് ആരംഭിച്ച സത്യാഗ്രഹ സമരം ഇന്നലെ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചു.
പറവൂരിൽ നിന്നും വടുതല പമ്പ് ഹൗസിൽ നിന്നും വൈപ്പിൻ കരക്ക് ആവശ്യമായ അളവിൽ കുടിവെള്ളം പമ്പ് ചെയ്യാമെന്ന വാട്ടർ അഥോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
രണ്ടിടത്തു നിന്നുമുള്ള പമ്പിംഗിന്റെ കുറവാണ് ഞാറക്കൽ മേഖലയിൽ കുടിവെള്ളമെത്താത്തതെന്ന് അദ്ദേഹം പമ്പ് ഹൗസുകളിൽ പരിശോധന നടത്തി നിരീക്ഷിച്ച ശേഷമാണ് ഉറപ്പ് നൽകിയത്.
ഇന്നു മുതൽ വെള്ളം എത്തുമെന്നും ഇതിനിടയിൽ മഞ്ഞനക്കാട് മേഖലയിൽ വിതരണ ശൃംഗല യിൽ ചെയ്തു തീർക്കേണ്ട ചില പണികളും തീർക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നൽകിയതായി പഞ്ചായത്തംഗം എൻ.എ. ജോർജ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ജോർജ് തനിച്ചാണ് സത്യാഗ്രഹം ആരംഭിച്ചതെങ്കിലും ഇന്നലെ രാവിലെ മഞ്ഞനക്കാട് നിവാസികളും ഒപ്പം കുത്തിയിരുന്നതോടെ സമരത്തിന്റെ മുഖഛായ മാറിയിരുന്നു. ഓണത്തിനു പോലും കുടിവെള്ളമില്ലാതെ വന്നതാണ് സമരത്തിലേക്ക് വലിച്ചിഴച്ചത്.