പൊന്നമ്മയില്ലാതെ ഇനി ശ്രീപീഠം വീട്...
1454876
Saturday, September 21, 2024 3:50 AM IST
കരുമാലൂർ: മലയാള സിനിമയുടെ അമ്മ വിടപറഞ്ഞതോടെ കരുമാലൂർ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട് ഉറങ്ങി. നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടുള്ള അമ്മയെ ഇനി കരുമാലൂർ നിവാസികൾക്ക് ഓർമ്മ മാത്രം.
കൃഷിക്ക് പേരുകേട്ട കരുമാലൂർ പ്രദേശത്തെ കാർഷിക ഗ്രാമത്തിന്റെയും പെരിയാറിന്റെയും സൗന്ദര്യം ആസ്വദിക്കാനുമായാണു കവിയൂർ പൊന്നമ്മ കരുമാലൂർ പുറപ്പിള്ളിക്കാവ് ക്ഷേത്രത്തിനു സമീപം പെരിയാറിന്റെ തീരത്തു വീടു നിർമിച്ചത്. തുടർന്നു നീണ്ട 15 വർഷത്തോളം പെരിയാറിന്റെ തീരത്തെ വീട്ടിൽകഴിഞ്ഞു.
അഞ്ചു മാസം മുൻപാണു വീട്ടിൽ കാൽ വഴുതി വീഴുന്നത്. കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണു വയ്യാതെ വന്ന പൊന്നമ്മയെ പരിചരിച്ചിരുന്നത്. അസുഖബാധിതയായ പൊന്നമ്മയെ കാണാൻ വിദേശത്തുള്ള മകൾ ഇടയ്ക്കു വന്നു പോയിരുന്നു.
വയ്യാതെ ആയതിനു ശേഷം കഴിഞ്ഞ കുറേ നാളുകളായി പുറമേ നിന്നുള്ള ആരുമായും അവർ സംസാരിക്കുമായിരുന്നില്ല. 2018 ലെ പ്രളയത്തിൽ പെരിയാറിന് സമീപത്തെ വീടു പൂർണമായും മുങ്ങിയിരുന്നു. അന്നു കുടുങ്ങിപോയ കവിയൂർ പൊന്നമ്മയെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. 2019ലും ഇത് വീണ്ടും ആവർത്തിച്ചു.അന്നും ബന്ധുമിത്രാദികൾ തന്നെ കവിയൂർ പൊന്നമ്മയെ മാറ്റി താമസിപ്പിച്ചു.
കളമശേരിയിൽ പൊതുദർശനത്തിനു ശേഷം ഇന്ന് ഉച്ചയോടെ പുറപ്പിള്ളിക്കാവിലെ വീട്ടിൽ കൊണ്ടുവരും. വൈകിട്ടു അഞ്ചിനു സംസ്കാരം നടക്കും.