സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ തുറക്കുമെന്ന് മന്ത്രി
1454874
Saturday, September 21, 2024 3:50 AM IST
വരാപ്പുഴ/പെരുന്പാവൂർ/വൈപ്പിൻ/ആലുവ: സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും 2025 മാർച്ചിനകം ഡയലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വരാപ്പുഴ, ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ചടങ്ങ് വരാപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏഴിക്കരയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ശിലാഫലക അനാച്ഛാദനം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. രതീഷ്, കെ.എസ്. ഷാജി, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ഡോ.വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു.
വേങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ കൂവപ്പടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ഉദ്ഘാടനവും വേങ്ങൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ എല്ലാവർക്കും ചികിത്സയ്ക്ക് ചിലവായ തുക ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ചടങ്ങിൽ ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി.
നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് 215.35 ലക്ഷം രൂപ ചെലവാക്കി ആലുവ ജില്ലാ ആശുപത്രിയിൽ നവീകരിച്ച ലേബർ റും, എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവ പ്രവർത്തനസജ്ജമായി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബെന്നി ബെഹനാൻ എംപി, എം.ഒ. ജോൺ, ഡോ. സ്മിജി ജോർജ് എന്നിവർ പ്രസംഗിച്ചു.
മാലിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നേരിട്ടും നായരമ്പലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പള്ളിപ്പുറത്തെ ബിഎഫ്എച്ച് സിയുടെയും പുതുവയ്പ്പിലെ എഫ്എച്ച്സിയുടെയും ഉദ്ഘാടനം ഓൺലൈനായും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.