പുറന്പോക്ക് ഭൂമി കൈയേറി ഇലക്ട്രിക് പോസ്റ്റുകൾ : വിജിലൻസ് അന്വേഷണം വേണമെന്ന് ചൂർണിക്കര പഞ്ചായത്ത്
1454869
Saturday, September 21, 2024 3:35 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ദേശീയ പാതയോട് ചേർന്ന് 40 സെന്റ് റവന്യൂ ഭൂമി കൈയേറി ആറ് വൈദ്യുത പോസ്റ്റുകൾ സ്ഥാപിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ചൂർണിക്കര പഞ്ചായത്ത് അടിയന്തര കമ്മിറ്റി യോഗം തീരുമാനിച്ചു. ഏറെ നേരം നീണ്ടു നിന്ന ബഹളത്തിന് ശേഷമാണ് യോഗം തീരുമാനമെടുത്തത്.
യോഗത്തിൽ ഭരണകക്ഷിയംഗങ്ങൾ പരസ്പരം ആരോപണം ഉന്നയിച്ച് കൈയേറ്റക്കാരനൊപ്പം നിന്നിട്ടില്ലെന്ന് വാദിച്ചു. ഭരണപക്ഷത്തെ അംഗങ്ങൾ തമ്മിൽ പരസ്പരം പോർവിളിയും ഉണ്ടായി. കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിക്കാനായി ഭരണസമിതി അനുമതി കൊടുത്തതും ആരോപണമായി ഉന്നയിക്കപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ കാഴ്ചക്കാരായി നിന്നു.
പഞ്ചായത്തിന്റേയോ റവന്യു വകുപ്പിന്റേയോ അനുമതിയില്ലാതെ പുറമ്പോക്കിൽ വൈദ്യുതി ലൈൻ വലിച്ച കെഎസ്ഇബി നടപടിക്കെതിരെ കെഎസ്ഇബി വിജിലൻസിനും ചീഫ് എക്സിക്യൂട്ടീവ് എൻജിനിയർക്കും പരാതി നൽകാനും യോഗത്തിൽ തീരുമാനമായി.
പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ഇതിനിടയിൽ കൈയേറിയ പുറമ്പോക്ക് ഭൂമിയിൽ റവന്യൂ സംഘം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. സ്ഥലം കൈയേറിയത് വിവാദമായപ്പോഴാണ് അറിഞ്ഞതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
പഞ്ചായത്ത് കഴിഞ്ഞ ദിവസം കെട്ടിയ ഷേഡ്നെറ്റ് റവന്യൂ വകുപ്പ് അഴിച്ചു മാറ്റി.