പോലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു
1454863
Saturday, September 21, 2024 3:35 AM IST
കൊച്ചി: കഞ്ചാവുമായി പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്തെ ലോഡ്ജിലെത്തിയ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘം പശ്ചിമബംഗാള്‍ ദിനാജ്പൂര്‍ സ്വദേശി തന്‍വീര്‍ ആലമി(32) നെ പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്ന് രണ്ടര കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തന്‍വീര്‍ ശുചിമുറിയില്‍ പോകണമെന്ന് പോലീസിനോട് പറഞ്ഞു.
ശുചിമുറിയിലെത്തിയ ഇയാള്‍ പോലീസുകാരനെ ചവിട്ടി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമടക്കം തെരച്ചില്‍ ആരംഭിച്ചു.