പോലീസുകാരനെതിരേ വീട്ടമ്മയുടെ പരാതി മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും
1454861
Saturday, September 21, 2024 3:23 AM IST
കൊച്ചി: ഭര്‍ത്താവിന്റെ സഹോദരനായ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മയ്ക്ക് നീതി നിഷേധിക്കുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് നേരിട്ട് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്റെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കാണ് കമ്മീഷന് അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്.
പരാതിക്കാരിയും ഭര്‍ത്താവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പോലീസുകാരനായ എതിര്‍കക്ഷി തന്നെയും ഭര്‍ത്താവിനെയും കള്ളക്കേസില്‍ കുടുക്കി ഉപദ്രവിക്കുകയാണെന്നാണ് പരാതി. പരാതിയില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിയും എതിര്‍കക്ഷിയും തമ്മില്‍ കാലാകാലങ്ങളായി വസ്തുതര്‍ക്കം നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എതിര്‍കക്ഷിയുടെ ഭാര്യയുടെ മൊഴി പ്രകാരം 2022 ഏപ്രില്‍ 29ന് കുന്നത്തുനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് കേസ് തെറ്റാണെന്ന് മനസിലാക്കി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്കി. 2023 ജൂലൈ 24 ന് പരാതിക്കാരിയുടെ ഭര്‍ത്താവ് എതിര്‍കക്ഷിയുടെ വീട്ടിലേക്ക് ടൈല്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിന് കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പോലീസുകാരനായ എതിര്‍കക്ഷിക്ക് സഹതാപകരമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പോലീസുകാരന് ചെയ്യുന്ന കാര്യങ്ങള്‍ അവഗണിച്ച് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും പേരില്‍ കള്ളക്കേസെടുക്കുകയാണെന്നും പരാതിക്കാരി പറയുന്നു. ഈ സാഹചര്യത്തിലാണ് വിഷയം നേരിട്ട് അന്വേഷിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്.