ഗര്‍ഭസ്ഥശിശുവിന് അപൂർവ ചികിത്സയിലൂടെ പുതുജീവൻ
1454858
Saturday, September 21, 2024 3:23 AM IST
കൊച്ചി: കടുത്ത വിളര്‍ച്ച കാരണം അപകടനിലയിലായ ഗര്‍ഭസ്ഥശിശുവിനെ അതിസങ്കീര്‍ണമായ ചികിത്സാരീതിയിലൂടെ രക്ഷിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. 32 ആഴ്ചകള്‍ മാത്രം പ്രായമായ കുഞ്ഞ്, അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തത് കാരണമുള്ള ബുദ്ധിമുട്ടുകളാല്‍ പ്രയാസമനുഭവിക്കുകയായിരുന്നു. 31 വയസുകാരിയുടെ ഗര്ഭസ്ഥശിശുവിനാണ് അതിനൂതന ചികിൽസാരീതിയിലൂടെ പുതുജീവന്‍ ലഭിച്ചത്.
അമ്മയുടെ രക്തഗ്രൂപ്പ് ആര്‍എച്ച് നെഗറ്റീവ് ആണ്. കുഞ്ഞിന്റേത് പോസിറ്റീവും. ഇങ്ങനെ വരുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ ഒരു ആന്റിജന്‍ ആന്റിബോഡി റിയാക്ഷന് ഉണ്ടാകും. അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവ് ആയതിനാലും രണ്ടാമത്തെ പ്രസവമായതിനാലും നിരന്തര നിരീക്ഷണത്തിലായിരുന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ അങ്ങിങ്ങായി നീരുകെട്ടിയതായി (ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന അവസ്ഥ) ഡോപ്ലര്‍ സ്കാനിംഗില്‍ കണ്ടെത്തി. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഹൃദയത്തിന് തകരാറുണ്ടായേക്കാം എന്ന അവസ്ഥ. ഈ വിഷമഘട്ടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ഇന്ട്രായൂറ്ററീന് ഫീറ്റല്‍ ബ്ളെഡ് ട്രാന്സ്ഫ്യുഷന് (ഐയുടി) എന്ന ചികിത്സാരീതിയാണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. പൊക്കിള്‍കൊടിയിലൂടെ കുഞ്ഞിന് രക്തമെത്തിക്കുന്ന രീതിയാണിത്.
അള്‍ട്രാസൗണ്ട് ഉപയോഗിച്ച് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയിലെ ഞരമ്പിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തി അതിലൂടെ ഏറ്റവും അനുയോജ്യമായ ഒ നെഗറ്റീവ് രക്തം കടത്തിവിടുകയായിരുന്നു. ആഴ്ചകള്‍ക്കുശേഷം കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ പ്രസവം നടന്നു. പിന്നീട് അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ആശുപത്രിവിടുകയും ചെയ്തു.