രണ്ടു കോണ്ഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ഡിസിസി വനിതാ ഭാരവാഹിയുടെ പരാതി
1454857
Saturday, September 21, 2024 3:23 AM IST
കോതമംഗലം : സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും പൊതുസമൂഹത്തിനിടയിൽ മോശമായി ചിത്രീകരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി കോതമംഗലത്തെ രണ്ട് കോണ്ഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ഡിസിസിയിലെ ഒരു വനിതാ ജനറൽ സെക്രട്ടറി കെപിസിസി ഉപസമിതി മുന്പാകെ പരാതിയും മൊഴിയും നൽകി.
ഇത്തരത്തിലുള്ള ദുഷ്പ്രചാരണം തന്റെ പൊതുപ്രവർത്തനത്തെ ബാധിക്കുന്നതായി പഞ്ചായത്തംഗം കൂടിയായ വനിതാ ജനറൽ സെക്രട്ടറി മൊഴിയിൽ ചൂണ്ടിക്കാട്ടി.
കെപിസിസിക്ക് ഒരാഴ്ച മുന്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം ഡിസിസി ഓഫീസിൽ കെപിസിസി ഉപസമിതി അംഗങ്ങളായ നിയാസ്, തുളസി എന്നിവർ മുന്പാകെ നേരിട്ടെത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
കഴിഞ്ഞ മാസം ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസിക്ക് നൽകിയ പരാതിയിൽ നടപടി തൃപ്തികരമല്ലെന്ന് കണ്ടാണ് ഒരാഴ്ച മുന്പ് കെപിസിസിയ്ക്ക് ഇവർ വീണ്ടും പരാതി നൽകിയത്. ഇക്കാര്യത്തിൽ ഉടൻ നടപടി അറിയിക്കാമെന്ന് ഉപസമിതി അംഗങ്ങൾ ഉറപ്പ് നൽകിയതായും ഇവർ വ്യക്തമാക്കി.