വൈദ്യുതി ഉത്പാദനമില്ല : കളക്ടറേറ്റിലെ ഒന്നരക്കോടിയുടെ സോളാർ പദ്ധതി നോക്കുകുത്തി
1454856
Saturday, September 21, 2024 3:23 AM IST
കാക്കനാട്: എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിന്റെ മേൽക്കൂരയിൽ ഒന്നര കോടി രൂപ ചെലവഴിച്ച് 2016 ൽ സ്ഥാപിച്ച 200 സോളാർ പാനലുകളിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. വിവിധ വകുപ്പുകളിലായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന 72 സർക്കാർ ഓഫീസുകളിലേക്കും ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള പാനലുകളാണ് ഇവിടെ സ്ഥാപിച്ചത്. സോളാറുകളുടെ പ്രവർത്തനത്തിനു വേണ്ടി സ്ഥാപിച്ച ബാറ്ററികളും നശിച്ചു തുടങ്ങി.
വൈദ്യുതി മുടങ്ങുമ്പോൾ ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ 2017 ൽ കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ച ഡീസൽ ജനറേറ്ററും പ്രവർത്തനരഹിതമാണ്. 75 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്ററാണിത്.
അഞ്ചു മാസം തുടർച്ചയായി വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് 2024 മാർച്ചിൽ കെഎസ്ഇബി കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. 55 ലക്ഷം രൂപയായായിരുന്നു കുടിശിക ഉണ്ടായിരുന്നത്.
എട്ടു വർഷമായി പ്രവർത്തനരഹിതമായി കിടക്കുന്ന 200 സോളാർ പാനലുകൾ ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു. ബാറ്ററികൾ കേടായിട്ടുണ്ട്. പശ്ചിമ ബംഗാൾ ആസ്ഥാനമായ കമ്പനിയാണ് കളക്ടറേറ്റിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്.