കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
1454855
Saturday, September 21, 2024 3:23 AM IST
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി വെട്ടുകാട്ടിൽ ജിമ്മി സൈമണ്‍ (63) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 36 വർഷമായി ചിക്കാഗോയിൽ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള മാതാവ് തങ്കമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു.
ചിക്കാഗോ നോർത്ത് ലെയ്ക്കിൽ കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറാപ്പി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ജിമ്മി. സംസ്കാരം പിന്നീട്. വെട്ടുകാട്ടിൽ പരേതനായ സൈമണ്‍ ആണ് പിതാവ്. ഭാര്യ: റാണി കടത്തുരുത്തി കടവിൽ കുടുംബാംഗം. മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി.