സ്പായുടെ മറവില്‍ പെണ്‍വാണിഭം; സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റില്‍
1454852
Saturday, September 21, 2024 3:23 AM IST
കൊച്ചി: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിവന്നിരുന്ന സ്ത്രീകളടങ്ങുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. സെക്സ് റാക്കറ്റിന്റെ വലയിലകപ്പെട്ട ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് രക്ഷപ്പെടുത്തി. ചൂഷണത്തിന് ഇരയായ 22കാരിയുടെ സംരക്ഷണം താത്കാലികമായി എളമക്കര പോലീസ് ഏറ്റെടുത്തു.
യുവതിയുടെ കൈവശം രേഖകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ കേസുവിവരങ്ങളടക്കം വ്യക്തമാക്കി ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസിന് (എഫ്ആര്‍ആര്‍ഒ ) പോലീസ് റിപ്പോര്‍ട്ട് കൈമാറി. ഇവരുടെ മറുപടിക്ക്ശേഷമാകും യുവതിയെ മടക്കിയ അയയ്ക്കുന്നതിലക്കം പോലീസ് തീരുമാനമെടുക്കുക. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജെഗിത (40), എറണാകുളം വരാപ്പുഴ കൂനമ്മാവ് സ്വദേശി വിപിന്‍ (25), ബംഗളൂരു കെ.ആര്. പുരം സ്വദേശിനി സെറീന (34), എന്നിവരെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ബന്ധുവാണ് യുവതിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. പിന്നീട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് വിറ്റു. പിന്നീട് ഈ സംഘത്തില്‍ നിന്ന് ബംഗളൂരുവിലെ സെക്സ് റാക്കറ്റിലേക്ക് എത്തപ്പെട്ടു.
വൈകാതെ സെറീനയുടെ വലയിലാവുകയായിരുന്നു. 10 ദിവസം മുമ്പാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് ജെഗിതയുടെ മൊഴി. പരിഭാഷകയുടെ സഹായത്തോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.
പോണേക്കര മനക്കപറമ്പ് കേന്ദ്രീകരിച്ചായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. സെറീനയാണ് യുവതിയെ ജെഗിതയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സെറീനയും ജെഗിതയും തമ്മില്‍ പണിമിടപാടിനെ ചൊല്ലി തര്‍ക്കമുണ്ടായി. യുവതിയെ തിരികെ ആവശ്യപ്പെട്ടു.
യുവതി സ്ഥലത്തില്ലെന്ന് മനസിലാക്കിയ സെറീന അവരെ തട്ടിക്കൊണ്ടുപോയതായി പോലീസിനെ അറിയിക്കുകയായിരുന്നു. വൈകിട്ട് സെറീനയെയും ജെഗിതയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തതോടെയാണ് കാണാതായത് ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് പോലീസിന് മനസിലായത്.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്ന് മനസിലാക്കിയ പോലീസ് തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ലൈംഗിക ഇടപാടിനെത്തിയ വിപിനൊപ്പം യുവതി കടന്നുകളഞ്ഞതായി കണ്ടെത്തി. വിവരം അറിയിച്ചതോടെ വിപിനും ബംഗ്ലാദേശ് സ്വദേശിനിയും സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.