മേലെ ആകാശപ്പാത പണി; റോഡിൽ ദുരിത യാത്ര
1445094
Thursday, August 15, 2024 8:16 AM IST
അരൂർ: തുറവൂർ-അരൂർ ആകാശപ്പാത നിർമാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. ഇന്നലെ രാവിലെ മുതൽ തുറവൂരിൽ നിന്നു അരൂരിലേക്ക് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉച്ചകഴിഞ്ഞ് തുറവൂർ മുതൽ അരൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരം താണ്ടാൻ വാഹനങ്ങൾക്ക് വേണ്ടിവന്നത് മൂന്നു മണിക്കൂറിലേറെ. ഉയരപ്പാത നിർമാണത്തെ തുടർന്ന് റോഡ് മുഴുവൻ ചെളിക്കുണ്ടായ അവസ്ഥയിലാണ്. റോഡിനു നടുവിൽ പില്ലറിനു വേണ്ടി ഡ്രഡ്ജ് ചെയ്യുന്ന ചെളിയും ഒപ്പമുള്ള വെള്ളവും ഭൂരിഭാഗവും റോഡരികിൽ തന്നെ തള്ളുകയാണ് നിർമാണ കന്പനി.
ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹന യാത്രികർ ചെളിയിൽ കുളിച്ചുവേണം യാത്ര ചെയ്യാൻ. വാഹനങ്ങൾ ദിവസേന ബ്ലോക്കിൽപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ പെട്രോളും ഡീസലുമാണ് യാത്രികർക്ക് പാഴാകുന്നത്. റോഡരികിലൂടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ റോഡിന്റെ അരികുവശത്തായി ഡ്രഡ്ജ് ചെയ്ത് എടുത്ത ചെളിയടക്കം നിക്ഷേപിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ ചെളിയിൽ പുതയുന്നതും താഴ്ന്ന് മറിയുന്നതും നിത്യസംഭവമാണ്.
ഇന്നലെ പുലർച്ചെ അരൂരിൽ തുറവൂർ- അരൂർ റോഡിലെ മണ്ണിൽ പുതഞ്ഞ് തടി ലോറി മറിഞ്ഞതോടെ ഗതാഗതം കൂടുതൽ താറുമാറായി. വിറകുമായി അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു കമ്പനിയിലേക്ക് പോവുകയായിരുന്നു ലോറി. അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നിലെ കുഴിയിൽ ചാടിയാണ് മറിഞ്ഞത്. ഡ്രൈവറടക്കം മൂന്നുപേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
റോഡ് ചെളിക്കുണ്ടായി മാറിയിട്ടും ഇപ്പോഴും നിർമാണക്കന്പനി വേസ്റ്റ് റോഡരികിൽ തന്നെ നിക്ഷേപിക്കുകയാണെന്നാണ് ആക്ഷേപം. അധികൃതരാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഇന്നലെ ചന്തിരൂരിലെ ഒരു പീലിംഗ് ഷെഡിലേക്കു വന്ന ലോറിയും ചെളിയിൽ പുതഞ്ഞു പോയിരുന്നു. നിത്യേനയെന്നോണം അപകടങ്ങൾ ആവർത്തിക്കുകയും ആളപായം സംഭവിക്കുകയും ചെയ്തിട്ടും ഗതാഗതം സുഗമമാക്കാനോ നിർമാണത്തിന്റെ വേസ്റ്റ് റോഡരികിൽ ഉപക്ഷിക്കുന്നതും അത് ഒലിച്ചിറങ്ങി റോഡ് ചെളിക്കുണ്ടാവുന്നതും തടയാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സ്വന്തം ലേഖകൻ