കെസിഎൽ ലേലം : വൈപ്പിൻ സ്വദേശിയെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
1444203
Monday, August 12, 2024 3:37 AM IST
വൈപ്പിൻ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിൽ വൈപ്പിൻ നായരമ്പലം സ്വദേശിയായ അപ്പു പ്രകാശിനെ ഒരു ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി.
അണ്ടർ 16, അണ്ടർ 19 വിഭാഗത്തിൽ കേരളത്തിന്റെ ഓപ്പണിംഗ് ബാറ്ററായിരുന്നു അപ്പു പ്രകാശ്. വിജയ് മർച്ചന്റ് ട്രോഫിയിൽ ആദ്യ മത്സരത്തിൽ തന്നെ ഗോവയ്ക്കെതിരെ പുറത്താകാതെ 136 റൺസെടുത്തു കൊണ്ടാണ് അപ്പു തന്റെ കരിയർ ആരംഭിക്കുന്നത്. 2022-23 അണ്ടർ 19 വിഭാഗത്തിൽ ഇടുക്കിക്കെതിരെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ചുറി അപ്പുവിന്റെ പേരിലുണ്ട്.
പുറത്താകാതെ 128 ബോളിൽ 261 റൺസാണ് അന്ന് നേടിയത്. തേവര എസ്എച്ച് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയായ അപ്പു, നായരമ്പലം പ്രയാഗ കോളജ് പ്രിൻസിപ്പൽ പി.ടി. പ്രകാശന്റെയും നായരമ്പലം പഞ്ചായത്ത് മെമ്പർ സിജിയുടെയും മകനാണ്.