മഴയില്‍ നശിച്ചത് 144 ഹെക്ടര്‍ കൃഷി
1441543
Saturday, August 3, 2024 3:37 AM IST
കൊച്ചി: കനത്ത മഴയില്‍ ജില്ലയിലെ കൃഷിയിടങ്ങളില്‍ വ്യാപക നാശം. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 144.02 ഹെക്ടര്‍ കൃഷിയാണ് നശിച്ചിട്ടുള്ളത്. 5.52 കോടിയുടെ നാശമാണ് നിലവില്‍ കണക്കാക്കിയിട്ടുള്ളത്.
വരും ദിവസങ്ങളില്‍ ഇതുയരും. ഓണം വിപണി അടക്കം ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. വരും ദിവസങ്ങളിലും ജില്ലയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 2246 കര്‍ഷകരുടെ വിളകളാണ് മണ്ണിടിച്ചിലിലും വെള്ളം കയറിയും ഈ ദിവസങ്ങളില്‍ നശിച്ചിട്ടുള്ളത്. ഓണം മുന്നില്‍ കണ്ട് വാഴ കൃഷി ചെയ്തവർക്കാണ് ഏറ്റവുമധികം നാശനഷ്ടം നേരിട്ടിട്ടുള്ളത്.
വിളവെടുക്കാറായ വാഴക്കുലകള്‍ നശിച്ചതോടെ ലോണ്‍ എടുത്ത് കൃഷിയിറക്കിയവരും കടുത്ത പ്രതിസന്ധിയിലായി. ഇതിനുപുറമേ ജാതി, റബര്‍, അടയ്ക്ക എന്നീ വിളകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴമൂലം കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍ ഓണനാളുകളില്‍ പൂര്‍ണമായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളെ ആശ്രയിക്കേണ്ടിവരും.
ഇത് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനിടെ കഴിഞ്ഞ രണ്ടുദിവസം മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിനിടയാക്കിയിട്ടുണ്ട്.
ശക്തി കുറഞ്ഞ് മഴ
കൊച്ചി: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറില്‍ 26.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 53.5 മില്ലിമീറ്റര്‍ മഴ പെയ്ത നിലീശ്വരത്താണ് ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. പെരുമ്പാവൂര്‍ മേഖലയില്‍ 42 മില്ലിമീറ്റര്‍ മഴയും എറണാകുളം സൗത്തില്‍ 38 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.
കാറ്റിലും മഴയിലും ഒരു വീടിന് ഭാഗിക നാശമുണ്ടായി. വിവിധയിടങ്ങളിലായി ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 31 കുടുംബങ്ങളിലെ 102 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ജലനിരപ്പ് താഴുന്നു
മലങ്കര, ഇടമലയാര്‍ ഡാമുകളിലെയും ഭൂതത്താന്‍കെട്ട് ബാരേജിലെയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 39.14 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്.
ഇടമലയാര്‍ ഡാമില്‍ 157.46 മീറ്ററും ഭൂതത്താന്കെട്ടില് 27 മീറ്ററുമാണ് ജലനിരപ്പ്. കാലടി, മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ പുഴകളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി.
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ല
കൊച്ചി: അതിശക്തമായ മഴയും കാറ്റും മൂലം അടച്ചിട്ടിരിക്കുന്ന മലയാറ്റൂര്‍ വനം ഡിവിഷന് കീ ഴിലുളള കാലടി മഹാഗണി ത്തോട്ടം, ഭൂതത്താന്‍കെട്ട്, പാ ണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല.