വോൾട്ടേജ് ക്ഷാമം തീർക്കാൻ ആലുവ മണ്ഡലത്തിൽ മൂന്ന് സബ് സ്റ്റേഷനുകൾ
1420905
Monday, May 6, 2024 4:24 AM IST
ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന 60 മേഖലകളിൽ 160 കെവിഎയുടെ ട്രാൻസ്ഫോഫോമറുകൾ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. ഉപഭോഗം കൂടിയ മൂന്ന് കേന്ദ്രങ്ങളിൽ സബ് സ്റ്റേഷൻ ആരംഭിക്കാനും പ്രൊപ്പോസൽ നൽകിയതായി ആലുവ എംഎൽഎ അൻവർ സാദത്ത് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
വോൾട്ടേജ് ക്ഷാമമുള്ള വിവിധ പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനക്ഷമതയുള്ള 160 കെവിഎയുടെ 60 ട്രാൻസ്ഫോർമറുകൾ ലഭ്യമാക്കുവാൻ നടപടികൾ ആരംഭിച്ചു. വൈദ്യുതി ഉപയോഗം കൂടിയ ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര കടത്തുകടവ്, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി കാംകോ ജംഗ്ഷൻ, ആലുവ മുനിസിപ്പാലിറ്റിയിലെ പറവൂർ കവല എന്നിവിടങ്ങളിൽ പുതുതായി സബ്ബ് സ്റ്റേഷനുകൾ ആരംഭിക്കാനുള്ള നിർദേശം നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
അടിയ്ക്കടി വൈദ്യുതി നിലയ്ക്കുന്നതിനെതിരെയും വോൾട്ടേജ് ക്ഷാമത്തിനെതിരെയും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാർ വിമർശനം ഉന്നയിച്ചു. നിലവിലെ രണ്ട് ലൈൻമാൻമാരെ വച്ച് രാത്രി ഷിഫ്റ്റിൽ പരാതികൾ തീർക്കാനാവാത്ത സാഹചര്യത്തിൽ രണ്ടുപേരെ കൂടി രാത്രി അനുവദിക്കണമെന്ന് ബോർഡിനോടാവശ്യപ്പെടുവാൻ യോഗം തീരുമാനിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ഫോണിൽ തീരുമാനങ്ങൾ അറിയിച്ചെന്നും ആവശ്യങ്ങൾ അനുഭാവപൂർണമായി പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞതായി എംഎൽഎ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഷംസുദീൻ, എ.വി. സുനിൽ, ജയ മുരളീധരൻ, സതി ലാലു, വൈസ് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, സിമി ടിജോ, ശോഭ ഭരതൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ.രാജൻ, എക്സി. എഞ്ചിനീയർമാരായ എം.എ. ബിജുമോൻ, കെന്നി ഫിലിപ്പ് എന്നിവരും മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.