ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്ന രണ്ടുപേർ പിടിയിൽ
1418446
Wednesday, April 24, 2024 5:00 AM IST
കിഴക്കമ്പലം: ബൈക്കിൽ എത്തി വയോധികയുടെ സ്വർണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 20ന് പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്തുനിന്ന് പ്രതികളെ പിടികൂടി. മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽനിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു. മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, കുന്നത്തുനാട്, കാസർഗോഡ്, തൃശൂർ, തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ, കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടികൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.