വാട്ടര്‍ മെട്രോയ്ക്ക് നാളെ ഒരു വയസ്
1418418
Wednesday, April 24, 2024 4:50 AM IST
കൊച്ചി: കൊച്ചിയുടെ ജലഗതാഗത മേഖലയുടെ മുഖഛായ മാറ്റിയ വാട്ടര്‍ മെട്രോയ്ക്ക് നാളെ ഒരു വയസ്. 2023 ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീവീസ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം യാത്രക്കാര്‍ എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകില്ല. എങ്കിലും യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള സംഗീത, നൃത്ത പരിപാടികളുമായി ഒന്നാം വര്‍ഷം ആഘോഷമാക്കാനുള്ള തിരക്കിലാണ് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎല്‍) അധികൃതര്‍.
ഏഴ് ബോട്ടുകളുമായി രണ്ടിടത്തേക്ക് സർവീസ് നടത്തിയായിരുന്നു വാട്ടര്‍ മെട്രോയുടെ തുടക്കം. പ്രധാന സ്റ്റേഷനായ ഹൈക്കോടതി ജംഗ്ഷനിലെ ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കായിരുന്നു ആദ്യ സര്‍വീസ്. തൊട്ടടുത്ത ദിവസം വൈറ്റില ഹബിനോട് ചേര്‍ന്നുള്ള ടെര്‍മിലില്‍ നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ചിറ്റേത്തുകരയിലെ ടെര്‍മിനലിലേക്കും സര്‍വീസ് ആരംഭിച്ചു.
പിന്നീട് കഴിഞ്ഞ മാസം മുളവുകാട്, ചേരാനെല്ലൂര്‍, ഏലൂരിലേക്കുമുള്ള സര്‍വീസ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയിലേക്കും സര്‍വീസ് ആരംഭിച്ചു. ഇപ്പോള്‍ 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിൽ വാട്ടർ മെട്രോ സര്‍വീസ് നടത്തുന്നു.
ഒന്നാം പിറന്നാള്‍ ആഘോഷവേളയിലം യാത്രക്കാര്‍ക്ക് ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മിനിമം നിരക്ക് 20 രൂപയും ഉയർന്ന നിരക്ക് 40 രൂപയുമാണ്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി മേഖലകളിലേക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് വാട്ടര്‍ മെട്രോയുടെ ലക്ഷ്യം വയ്ക്കുന്നത്. ഇവിടങ്ങളിൽ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.