ഫോർട്ടുകൊച്ചിയിലേക്കും വാട്ടർ മെട്രോ എത്തി
1418072
Monday, April 22, 2024 4:37 AM IST
കൊച്ചി: സർവീസ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ ഫോർട്ടുകൊച്ചിയിലേക്കും വാട്ടർ മെട്രോ സര്‍വീസ് ആരംഭിച്ചു. ഇന്നലെ രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനിലുള്ള വാട്ടര്‍ മെട്രോയുടെ എറണാകുളം ടെര്‍മിനലില്‍ നിന്ന് നിറയെ യാത്രക്കാരുമായാണ് ആദ്യ ബോട്ട് ഫോര്‍ട്ടുകൊച്ചിയിലേക്ക് യാത്രതിരിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി. പകരം യാത്രക്കാര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ ഉദ്ഘാടനത്തോടെയാണ് സര്‍വീസ് ആരംഭിച്ചത്.
ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ 25 മിനിറ്റ് ഇടവേളയില്‍ എറണാകുളം ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് സര്‍വീസ് ഉണ്ടാകും.
ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ടുകൊച്ചിയിലേക്ക് യാത്രാ സര്‍വീസ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് നേരിട്ടാണ് ഫോര്‍ട്ടുകൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.
അര മണിക്കൂര്‍ യാത്രയ്ക്ക് 40 രൂപയാണ് നിരക്ക്. സമാന്തരമായി ജലഗതാഗത വകുപ്പിന്റെ ഫോര്‍ട്ടുകൊച്ചി ബോട്ട് സര്‍വീസ് മറൈന്‍ഡ്രൈവിന്റെ തെക്ക് ഭാഗത്ത് നിന്നും നടത്തിവരുന്നുണ്ട്.
2019ല്‍ 0.87 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച ഫോര്‍ട്ടുകൊച്ചി ജെട്ടി നിര്‍മാണം ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ചീനവലകള്‍ക്ക് മധ്യേ അഴിമുഖ കവാടത്തില്‍ കപ്പല്‍ചാലിനോട് ചേര്‍ന്ന് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഫ്ളോട്ടിംഗ് പോണ്ഡ്യൂണ് സംവിധാനമൊരുക്കിയായിരുന്നു നിര്‍മാണം.
നഗരസഭ, തുറമുഖ ട്രസ്റ്റ് അടക്കമുള്ളവരുടെ തടസങ്ങളും ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നുള്ള കോടതി നടപടികളും ജെട്ടി നിര്‍മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
വേഗതയേറിയ സോളാര്‍ ബോട്ടില്‍ എസിയുടെ തണുപ്പേറ്റ് യാത്ര ചെയ്യാമെന്ന സൗകര്യമാണ് വാട്ടര്‍ മെട്രോ യാത്രക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിക്ക് ശേഷം ഈ റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിക്കാനാകും. പക്ഷെ ബോട്ടുകളുടെ ലഭ്യതയാണ് പ്രശ്നം.
ഈ റൂട്ടുകളിലേക്ക് സര്‍വീസ് നടത്താന്‍ 25ഓളം ബോട്ടുകൾ വേണം. ബോട്ടുകള്‍ ഒക്ടോബറിനുള്ളില്‍ നിര്‍മിച്ചു നല്‍കാമെന്നാണ് വാട്ടര്‍ മെട്രോ അധികൃതരോട് ഷിപ്യാര്ഡ് അറിയിച്ചിട്ടുള്ളത്.
50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടര്‍ മെട്രോയ്ക്ക് ഷിപ്യാര്ഡ് തയാറാക്കി നല്‍കുന്നത്.
ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകള്‍ക്കുണ്ട്. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് വാട്ടർ മെട്രോയെന്നതും മറ്റൊരു സവിശേഷതയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ കൂടിയായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.
തൊട്ടടുത്ത ദിവസം സര്‍വീസും ആരംഭിച്ചു. വെറും ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോയ്ക്ക് ഒരു വർഷത്തിനിടെ 14 ബോട്ടുകളുമായി ആറ് റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനായി.
ആകെ 19 ലക്ഷത്തിലേറെ പേര് യാത്ര ചെയ്തു. പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.