നഗരത്തിൽ ചീര വില്പന പൊടിപൊടിക്കുന്നു
1417383
Friday, April 19, 2024 4:50 AM IST
മൂവാറ്റുപുഴ: നഗരത്തിലെ വിവിധയിടങ്ങളില്‍ ചീര വില്പന പൊടിപൊടിക്കുന്നു. ചുവപ്പ് ചീരയുടേയും, പച്ച ചീരയുടേയുമടക്കം വില്പനയാണ് തകൃതിയായത്. വെള്ളൂര്‍ക്കുന്നം ഇഇസി മാര്‍ക്കറ്റ് ജംഗ്ഷനില്‍ രാവിലെ ആരംഭിക്കുന്ന തമിഴ്നാട് സ്വദേശി വിക്രമിന്റെ ചീര വില്പന രാത്രിവരെ നീളാറുണ്ട്.
നാല് വര്‍ഷമായി വിക്രം ഇവിടെ ചീര കച്ചവടം നടത്തുന്നു. ആലുവ ഉളിയന്നൂര്‍ ഭാഗത്ത് നിന്നാണ് ചീരകളെത്തിക്കുന്നത്. രാവിലേയും, രാത്രിയും ആവശ്യക്കാർ എത്തുന്നു. ചുമന്ന ചീര, പച്ച ചീര, പാലക്ക ചീര, അരചീര, പൊന്നാങ്കണ്ണി ചീര, ഉലുവ ചീര എന്നിവക്കുപുറമേ പുതിനയില, മല്ലിയില, ചോളം എന്നിവയും വില്പനക്കായി എത്തിച്ചിട്ടുണ്ട്.
ഒരു പിടി ചീരയ്ക്ക് 30 രൂപയാണ് വില. ഇലക്കറികളിൽ വിറ്റാമിന്‍ കൂടുതലായതിനാൽ ചീരയ്ക്ക് ആവശ്യക്കാരേറെയാണ്. പ്രമേഹ രോഗികള്‍ ഇലക്കറിക്കായി ചീരകള്‍ വാങ്ങുവാനെത്തുന്നതായും മുന്‍ വര്‍ഷങ്ങളേക്കാൾ കച്ചവടം കുറവാണെന്നും വിക്രം പറഞ്ഞു.
ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന സ്ത്രീകളുടെയടക്കം നല്ല തിരക്കാണ് ചീര വാങ്ങാന്‍ അനുഭവപ്പെടുന്നത്. ലത ബസ് സ്റ്റാന്‍ഡിന് മുന്നിലും ചീര വില്പന സജീവമാണ്.