വാതക്കാട് കോളനിയിലേക്ക് റോഡ് നിർമിക്കണമെന്ന് കമ്മീഷന്
1417377
Friday, April 19, 2024 4:50 AM IST
അങ്കമാലി: തുറവൂര്‍ പഞ്ചായത്തിലെ വാതക്കാട് കോളനിയില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ഏഴ് കുടുംബങ്ങള്‍ക്ക് റോഡ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി. മേയില്‍ കേസ് വീണ്ടും പരിഗണിക്കും.
അങ്കമാലി നിയോജകമണ്ഡലത്തിലെ വാതക്കാട് ലക്ഷം വീട് കോളനിയിലേക്ക് റോഡ് നിര്‍മിക്കാന്‍ കാര്‍ഷികോത്പാദക കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് റോജി എം. ജോണ്‍ എംഎല്‍എ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
റോഡ് നിര്‍മിക്കാന്‍ 3.95 ആര് നിലം പരിവര്‍ത്തനം ചെയ്യണമെന്നാണ് ആവശ്യം. ഇവിടെ 15ലധികം വീടുകളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. തുറവൂര്‍ വാതക്കാട് റോഡില്‍ നിന്ന് കോളനിയിലേക്ക് ഏകദേശം 400 മീറ്റര്‍ കല്ല് പാകിയ ഗതാഗതയോഗ്യമായ വഴിയുണ്ട്. ഈ റോഡ് തീരുന്ന ഭാഗത്ത് നിന്ന് ഉദ്ദേശം 10 മീറ്റര്‍ നീളത്തില്‍ റോഡ് ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു.