തൃപ്പൂണിത്തുറയിൽ പുതിയ ഇരുമ്പുപാലം; 50 ലക്ഷം കൈമാറിയെന്ന് സര്‍ക്കാര്‍
1417370
Friday, April 19, 2024 4:37 AM IST
കൊച്ചി: തൃപ്പൂണിത്തുറയിലെ പഴയ ഇരുമ്പുപാലത്തിനു പകരം പുതിയത് നിര്‍മിക്കാന്‍ പ്രാഥമിക ചെലവിലേക്കായി 50 ലക്ഷം കൈമാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2022ല്‍ പാലം പുനര്‍നിര്‍മിക്കാന്‍ 30 കോടിയുടെ ഭരണാനുമതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മുക്കോട്ടില്‍ ടെമ്പിള്‍ റോഡ് റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ റോയ് തെക്കന്‍, കെ.എസ്. ശങ്കരനാരായണന് എന്നിവര്‍ നല്കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
കൊച്ചി കോര്‍പറേഷനെയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം 2019 മാര്‍ച്ചിലാണ് അടച്ചത്. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി പോകുന്നത്. തോട്ടപ്പിള്ളിക്കാട്ട് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
എറണാകുളം, തൃപ്പൂണിത്തുറ മേഖലകളെ ബന്ധിപ്പിക്കുന്ന മുഖ്യപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം പിറവം, മുളന്തുരുത്തി, വൈക്കം തുടങ്ങിയ മേഖലകളില്‍ നിന്ന് കൊച്ചി നഗരത്തിലേക്കെത്തുന്ന വാഹനങ്ങള്‍ ഇരുമ്പുപാലത്തെയാണ് ആശ്രയിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി വീണ്ടും വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.