മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി
1417361
Friday, April 19, 2024 4:25 AM IST
പിറവം: മണീട് വെട്ടിത്തറയിൽ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട രണ്ട് തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇടുക്കി ഏലപ്പാറ ഉപ്പുതറ വേണു (55) പട്ടയക്കുടി വെൺമണി കുറുപ്പത്ത് രാജൻ (50) എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. വേണുവിനെ അര മണിക്കൂർ കൊണ്ട് മണ്ണ് മാറ്റി രക്ഷപെടുത്താനായി.
ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് രാജനെ രക്ഷപെടുത്തിയത്.രണ്ടു പേരെയും ഫയർഫോഴ്സ് പിറവം മണീട് ഗവ.ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെട്ടിത്തറ ഓട്ടുകമ്പനിക്ക് സമീപം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. നാട്ടുകാരുടെയും സഹ തൊഴിലാളികളുടെയും നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്ര റോഡ് പദ്ധതിയുടെ ഭാഗമായി റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
പിറവം ഫയർ സ്റ്റേഷൻ ഓഫീസർ എ. കെ. പ്രഫുൽ, മുളന്തുരുത്തി അസി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മയിൽ ഖാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.