പാർക്കിംഗ് ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് ഓഫീസ് : അഭിഭാഷകരുമായി തർക്കം
1416648
Tuesday, April 16, 2024 5:40 AM IST
ആലുവ: പാർക്കിംഗ് ഗ്രൗണ്ടിൽ ഇടതു മുന്നണിയുടെ താത്ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് നിർമിച്ചെന്ന പേരിൽ അഭിഭാഷകരുമായി തർക്കം. ഇന്നലെ അഭിഭാഷകർ കസേരകൾ എടുത്ത് മാറ്റി കാറുകൾ പാർക്ക് ചെയ്തു. ഇന്ന് രാവിലെ സമവായം ഉണ്ടായില്ലെങ്കിൽ സംഘർഷ സാധ്യതയുണ്ടാകുമെന്നാണ് സൂചന.
സീനത്ത് ജംഗ്ഷനിലെ പ്രചാരണ ഓഫീസ് സ്ഥാപിച്ച സ്ഥലമാണ് തർക്ക പ്രദേശമായിരിക്കുന്നത്. തുറസായ സ്വകാര്യ സ്ഥലത്ത് ഉടമയുടെ അനുമതിയോടെ അഭിഭാഷകരുടെ മൂന്ന് കാറുകൾ വർഷങ്ങളായി പാർക്ക് ചെയ്യാറുണ്ട്. സിപിഎം നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഷെഡും പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് പ്രവർത്തിക്കാറുമുണ്ട്.
എന്നാൽ സ്റ്റാൾ അകത്തേക്ക് കയറി നിർമിക്കേണ്ടതിന് പകരം ഇത്തവണ പ്രവേശന കവാടത്തിൽത്തന്നെ നിർമിച്ചതാണ് തർക്കമായത്. റോഡരികിൽ പുതിയ കാനകൾ ഉയരം കൂട്ടി നിർമിച്ചതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സ്ഥലമില്ലാതായി. ഇതാണ് പാർക്കിംഗ് സ്ഥലം വിട്ടുകിട്ടാൻ അഭിഭാഷകർ വാദിക്കുന്നത്.
ഇന്നലെ രാവിലെ ഷെഡിനകത്തെ കസേരകൾ മാറ്റി കാറുകൾ കയറ്റി ഇടുകയായിരുന്നു. രാത്രി ഏഴോടെ പ്രവർത്തകരെത്തി വീണ്ടും കസേരകളും മേശകളും നിരത്തി. ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യിക്കില്ലെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.