ആലുവയിൽ നാല് വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്ക്
1416149
Saturday, April 13, 2024 4:08 AM IST
ആലുവ: ആലുവയിൽ നാലിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്ക്. യുസി കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിൽ താനെ തുറന്നതിനെത്തുടർന്നാണ് വിദ്യാർഥിനിയായ യുവതി റോഡിൽ തെറിച്ചുവീണത്.
യുസി കോളജിലെ വിദ്യാർഥിനിയായ കോഴിക്കോട് നൊച്ചാട്ട് വീട്ടിൽ നയന തലനാരിഴയ്ക്കാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കോളേജിലേക്ക് മടങ്ങി.
തോട്ടക്കാട്ടുകരയിൽ നടന്ന മറ്റൊരു അപകടത്തിൽ ഈസ്റ്റ് കടുങ്ങല്ലൂർ എടത്താടൻ വീട്ടിൽ ജയപ്രകാശ്, മകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു. ജയപ്രകാശ് ഓടിച്ച സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ബാങ്ക് കവലയിൽ ബൈക്ക് തെന്നിമറിഞ്ഞ് കാലടി കൂട്ടംകോടത്ത് വീട്ടിൽ സുജിത്ത് കുമാർ, പറവൂർ കവലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ കണ്ണൂർ പാനൂർ കുണ്ടുപുനത്തിൽ ജുവൈരിയ, ബൈക്ക് യാത്രികൻ തോട്ടക്കാട്ടുകര മണപ്പാടത്ത് വീട്ടിൽ ഇമ്രാൻ ഫരീദ് എന്നിവർക്കും പരിക്കേറ്റു.